Friday, December 26, 2014

കാറ്റിനു 
മരിച്ച മരങ്ങളുടെ ഗന്ധം..
കാത്തിരിക്കൂ...
ഒരിക്കൽ, 
കാറ്റിനു ഗന്ധമേ ഉണ്ടാവില്ല ..
മരിക്കാൻ മരങ്ങളും

അതിജീവനം

ചരിഞ്ഞു നിന്ന വാകമരത്തിന്റെ 
ആരും ശ്രദ്ധിക്കാത്ത വിടവുകളിലാണ്‌ 
നീ നിന്നെ അടയാളപ്പെടുത്തിയത്.
ചിത്രപ്പണി ചെയ്യുംപോലെ.
ചിലപ്പോൾ തുന്നൽപ്പണി പോലെ. 
പിന്നെ നിന്നെയറിഞ്ഞത്
ഹോസ്റ്റൽ മുറിയുടെ
ഇരുണ്ട മൂലകളിലായിരുന്നു.
അമ്മ പറഞ്ഞു കേട്ടിടത്തോളം
ചേമ്പിലകളിൽ നിന്നു ചേമ്പിലകളിലേക്കും
മുരിക്കിൽ നിന്നു മുരിക്കിലേക്കും
നീ തുന്നൽപ്പണി ചെയ്തിരുന്നു.
ഇന്നലെ നീയത്
ലൈബ്രറി ഷെൽഫുകൾക്കിടയിലാക്കി.
സാരമില്ല.
മാറ്റമാനിവാര്യം, അതിജീവനത്തിനു.
കാഫ്ക്കയുടെ പരിണാമത്തിൽ കയറിക്കൂടിയവനേ.
ഇന്ന് നിനക്കിണങ്ങുന്നത്
ലൈബ്രറിഷെൽഫുകൾ തന്നെ.
# ചേമ്പിലകൾ കാണാതെ പോകുന്ന ചിലന്തികൾക്ക്

ആത്മാക്കള്‍ പറഞ്ഞത്

പള്ളിമണിയുടെ മുഴക്കത്തോടൊപ്പം 
കല്ലറയുടെ ഇരുട്ടിലെക്കാണ്
ശവപ്പെട്ടികൾ യാത്ര പോയിരുന്നത്.
ഇത്രയും ഞാൻ കണ്ടത്..
ആത്മാക്കൾ പറഞ്ഞത്രേ
കല്ലറയിൽ വെളിച്ചമുണ്ടെന്ന്.
അവിടെ ചീട്ടുകളി കൂട്ടങ്ങൾ ഉണ്ടത്രേ.
ഗായകരും നൃത്തകരും ഉണ്ടത്രേ.
കവികളും നിരൂപകരും ഉണ്ടത്രേ.
പണമില്ലാത്തതിനാൽ തന്നെ
അവിടെയാണത്രേ മനുഷ്യരുള്ളത്

അപ്പോള്‍ ഞാന്‍ പറയും

ഇന്നീ വാകമരചോട്ടിൽ വലിച്ചെറിയുകയാണ്‌ 
എന്റെ കണ്ണിൽ നീ കണ്ടെടുത്ത
തിളങ്ങുന്ന നക്ഷത്രങ്ങളെയും 
പോയ്മുഖങ്ങളെയും
കൂടെ നിന്നെയും.
വാകമരത്തിന്റെ വേരുകളിലൂടെ
നിങ്ങൾ പൂക്കളിലെത്തൂ.
എന്നിട്ടൊരു വസന്തം സൃഷ്ട്ടിക്കൂ.
അന്നൊരു പൂവിറുത്തു ഞാൻ പറയും
നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന്

പ്രണയത്തിന്റെ ബെല്സബൂല്‍


കടൽത്തിരകളെ തൊട്ടു
അസ്തമയ സൂര്യന്റെ നിറങ്ങളെണ്ണിയപ്പോൾ
നീയെന്റെ ചെവിയിൽ മന്ത്രിച്ചു.
" ബെൽസബൂൽ,
നിന്നെ ഞാൻ പ്രണയിക്കുന്നു."
നിന്റെ കണ്ണുകളിൽ ഞാനും കണ്ടു
പ്രണയത്തിന്റെ ബെൽസബൂൽ.
social networking sitesകളോട് 
ഇന്നാണ് 
അവൾക്കാദ്യമായി ദേഷ്യം തോന്നിയത്.
അവയുടെ കണക്കുകൂട്ടൽ അനുസരിച്ച് 
ഭൂമി ഇന്നലെ അവസാനിക്കെണ്ടിയിരുന്നു.
" നാശം"
സ്ഥിരം മഞ്ഞ സാരിയുടുത്തു
മുല്ലപ്പൂ മുടിയിൽ പിന്നി,
ഭൂമി ചവിട്ടികുലുക്കി
അവൾ ഇരുട്ടിലെക്കിറങ്ങിപോയി.
എന്നത്തെയും പോലെ .

എനിക്ക് നിന്നോട്

വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത്
മറന്നേക്കു.
എനിക്ക് നിന്നോട്,
കാലം ചിത്ര ശലഭപുഴുവിനോട്
ചെയ്യുന്നത് ചെയ്യണം..
ചിറകുകൾ സമ്മാനിക്കൽ,
ആകാശം സമ്മാനിക്കൽ,
സ്വാതന്ത്ര്യം സമ്മാനിക്കൽ..

മഞാടിമണികള്‍, ഞാന്‍ , നീ

"നിനക്കറിയാമോ ?
വിത്തുകളിലെ സഖാക്കളാണത്രെ
മഞ്ചാടിമണികൾ.
പ്രതിഷേധിച്ചു പ്രതിഷേധിച്ചാണ് 
അവ ചുവന്നത്"
...............................
"മണ്ടത്തരം....
സ്നേഹിച്ചു സ്നേഹിച്ചാണ്
അവ ചുവന്നത്.
നീ അറിയാത്ത ഒന്ന്
അവയിലുണ്ട്.
പ്രണയം"
....................................
" നിനക്കറിയില്ല
അവ സ്വാതന്ത്ര്യാന്വേഷികളാണ്.
സമരത്തിന്റെ രക്തത്തുള്ളികളാണ്
വേനലിൽ പൊട്ടിവീഴുന്നവയുടെ
ചോരച്ചുവപ്പ്."
.......................
"ഒന്നാലോചിച്ചു നോക്കൂ,,
വേനലിൽ പോട്ടിവീഴുന്നതുവരെ
അവ സമരം ചെയ്തുവെന്നോ??
മണ്ടത്തരം..
ചുംബിച്ചു ചുംബിച്ചാണ്
അവ ചുവന്നത് "
......................................
" ഒരു നിമിഷം..
ഇനി അവ
സമര ചുംബങ്ങളെന്നോ?!!"
..............................
" അതെ...
ചിലപ്പോൾ
ചുംബന സമരങ്ങൾ"
......................
മഞ്ചാടിമണികൾ.
യൂദാസ്................................

എല്ലാവരും പറയുന്നു 
അയാൾ തൂങ്ങി മരിച്ചെന്ന്..
അയാൾ പശ്ചാത്തപിച്ചില്ലെന്ന്..
അയാൾ ഒറ്റിക്കൊടുത്തെന്ന്..
അയാൾ... യൂദാസ്..
യൂദാസ്.. നീ വിഷമിക്കേണ്ട.
നിന്നെ കുറ്റം വിധിക്കുന്നവർ
ദിവസം നാലുനേരം തെറ്റ് ചെയ്യുകയും
അഞ്ചു നേരം പശ്ചാത്തപിക്കുകയും
ചെയ്യുന്നവരാണ്.
അവർ എന്നും അത് തന്നെ ചെയ്യും..
നീതിമാന്മാർ..
നീ അവരോടു പോറുത്തെക്കൂ...
ഒന്ന് കൂടി നീ അറിയൂ..
നീ തൂങ്ങിമരിചില്ലായിരുന്നെങ്കിൽ,
നീ പശ്ചാത്തപിചിരുന്നെങ്കിൽ,
ലോകം കീഴ്മേൽ മറിയുമായിരുന്നില്ല.
ഈ നീതിമാന്മാർ
വീണ്ടും കുറ്റം വിധിച്ച്
നിന്നെ തൂക്കിക്കൊല്ലുമായിരുന്നു..
പ്രീയപെട്ട യൂദാസ്
ആരറിഞ്ഞു
നിന്റെ അവസാന ശ്വാസമായിരുന്നു
നിന്റെ പ്രയശ്ചിത്തമെന്ന്