Saturday, November 14, 2015

പെണ്ണിന്റെ കണ്ണ്..

നീയൊരു വേട്ടക്കാരനാണ്
എന്റെ മാത്രം വേട്ടക്കാരന്‍.
എന്റെ മരണം കൊതിക്കാത്ത വേട്ടക്കാരന്‍.

നിനക്ക് പ്രിയം എന്റെ കണ്ണുകളോടായിരുന്നു.
അവ പെയ്തു തോരുന്നത് വരെ 
നീ അമ്പുകള്‍ എയ്തുപോന്നു.

ഇന്ന് നീ കാണുന്നില്ലേ
എന്റെ കണ്ണിനു കീഴിലേക്ക് നീ കോറി വരച്ച ചാലുകളില്‍ 
ജലം പടം പോഴിക്കുന്നതും 
അഗ്നി രൂപമെടുക്കുന്നതും..

വിഡ്ഢീ..
പെണ്ണിന്റെ കണ്ണുകള്‍ തുരക്കരുത്..
ആദ്യം നീ ജലം കാണും...
കണ്ണീരെന്നു ഓമനിച്ചു വിളിച്ചു തീരുമുന്പേ 
അവയില്‍ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ടാവുകയും 
ഗര്‍ഭപാത്രത്തില്‍ എന്നകണക്കെ നിന്നെ വിഴുങ്ങി
ചുരുക്കി ചെറുതാക്കുകയും ചെയ്യും..

അപ്പോള്‍ നീ വേട്ടക്കരനല്ല..
അവളുടെ പോക്കില്‍ക്കൊടിയില്ലാതെ ജീവിക്കാനാവാത്ത
ഒരു ശിശു മാത്രമാണ്..   


Sunday, September 13, 2015

എന്നെ ഇല്ലാതാക്കിയവനേ.. നിനക്ക്

മനസുകള്‍ മുറിച്ചു വില്‍ക്കപ്പെടുന്നിടത്ത്
ഞാന്‍ അവന്റെ പേര് കണ്ടു..
ചോര ഇറ്റുവീഴുന്ന
ഒരു കള്ളന്റെപേര്.
നിന്റെ പേരിന്റെ അറ്റത്തു
എന്റെ മനസിന്റെ അലുക്കുകള്‍
കൊളുത്തിപ്പിടിച്ചിരുന്നു.
*
ചിന്തകള്‍ മുറിച്ചു വില്‍ക്കുന്നിടത്ത്
ഞാന്‍ അവന്റെ പേര് കണ്ടു.
ഒരു കൊലപാതകിയുടെപേര്.
കത്തി മുനമ്പില്‍
എന്നെ കുത്തിയിറക്കി
പ്രണയത്തിന്റെ ലഹരിയില്‍
ശ്വാസം മുട്ടിച്ചു കൊന്നവന്റെ പേര്.
അവശേഷിച്ച കത്തിപ്പിടിയില്‍
നിന്റെ ചിന്തകളെ ഞാന്‍
അപ്പോഴും പ്രണയിച്ചു.
*
പ്രണയത്തിന്റെ തെരുവില്‍
ഇന്ന് ഞാന്‍ നിന്റെ പേര് കണ്ടു..
അപ്പോഴേക്കും
നിന്നോട് ചെരാനാവത്തവിധം,
അലിഞ്ഞുംപുകഞ്ഞും അഴിഞ്ഞും
ഞാനില്ലാതായിരുന്നു.

എന്നെ ഇല്ലാതാക്കിയവനേ ...
നന്ദി

Thursday, April 23, 2015

വിഷം തിന്നു ജീവിക്കുന്ന സ്നോവയിറ്റുമാര്‍

പണ്ടു അമ്മ പറഞ്ഞുകേട്ട കുട്ടിക്കഥയിലെ
സ്നോവയിറ്റിനു കിട്ടിയതായിരുന്നു
വിഷം നിറച്ച അപ്പിള്‍.
ആ കഥയ്ക്ക് ശേഷം
ഞാനാപ്പിള്‍ കഴിക്കുമായിരുന്നില്ല.
പക്ഷെ
ഇപ്പോഴെനിക്ക്‌ ചിരി വരുന്നു.
അപ്പിള്‍ കഴിച്ചു
സ്നോവയിറ്റ് മരിച്ചതോര്‍ത്ത്.
വിഷം കഴിച്ചാല്‍
ആളുകള്‍ മരിക്കുമോ ??\
അങ്ങനെയെങ്കില്‍
ഞാനും നീയുമൊക്കെ സ്നോവയിറ്റുമാരാണ് ..
എന്നും വിഷം മാത്രം കഴിക്കുന്ന
സ്നോവയിറ്റുമാര്‍..
എന്നിട്ടും നമ്മള്‍ മരിക്കുന്നില്ല.

നമുക്കൊരുമിച്ചു
പുഴുക്കള്‍ കയറുന്ന,
മുഞ്ഞകള്‍ മുളക്കുന്ന,
പ്രാണികള്‍ കൂടുവയ്ക്കുന്ന
വിഷമില്ലാത്ത
ഒരാപ്പിള്‍ മരം നടാം.
ചിലപ്പോള്‍ അതിന്റെ നടുവില്‍
നാം മരിച്ചു വീണേക്കാം.
നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
സ്നോവയിറ്റുമാരല്ലേ...
ശുദ്ധമായത് കണ്ടു ശീലമില്ലാത്തവര്‍.
മുലപ്പാലില്‍
എന്ടോസള്‍ഫാന്‍ കലക്കുന്നവര്‍.
അതെ
നമുക്കൊരുമിച്ചു ഒരാപ്പിള്‍ മരം നടാം.
അതിന്റെ ചുവട്ടില്‍
ഒരു കബറിടവും.
അതില്‍ ഇങ്ങനെ എഴുതാം.
" വിഷമില്ലാത്ത അപ്പിള്‍ കഴിച്ചു മരിച്ച സ്നോവയിറ്റുമാര്‍
ചുംബനം കാത്തു കിടക്കുന്നു "

കഷ്ട്ടം..
എനിക്ക് വീണ്ടും ചിരി വരുന്നു..
വിഷം കഴിച്ചു മരിച്ച
സ്നോവയിറ്റിനെ ഓര്‍ത്ത്‌..
വിഷം തിന്നു ജീവിക്കുന്ന
നമ്മളെയോര്‍ത്തു...

Monday, April 13, 2015

വാകയരളികള്‍..

ഇനി ജനിക്കുമ്പോള്‍
നീയൊരു ചുവന്ന വാകയാവണം.
ഞാനൊരു മഞ്ഞയരളിയും.
'കാണാനാവുന്ന ദൂരത്ത്,
വേരുകള്‍ക്ക് ഇണചെരാനാവാത്തവിധം
നമുക്കകലങ്ങളിലായിരിക്കാം.
എന്റെ മഞ്ഞ നിന്നെ ഉന്മത്തനാക്കട്ടെ..
നിന്റെ ചുവപ്പെന്നെ കാമിനിയും.
വസന്തം പ്രണയമാകുന്ന രാവുകളില്‍
കൊഴിഞ്ഞു വീഴുന്ന പൂക്കളാല്‍
നമുക്ക് ചുംബിക്കാം..
മഞ്ഞയും ചുവപ്പും ഇണചേരുന്ന സന്ധ്യയില്‍
പ്രണയിക്കുന്ന വാകയരളികള്‍..