Friday, December 30, 2016

അവൾ

അവർ അവൾക്കു
ഏപ്രിൽ പൂവുകൾ കൊണ്ട്
കുടിലു കെട്ടുകയും
വിരലുകൾ നോവാത്ത വിധം
തുന്നൽ പഠിപ്പിക്കുകയും
വെയിലുകൾ കാണാത്ത വിധം
അവളെ മറച്ചു പിടിക്കുകയും ചെയ്തു.
                     ***
കളഞ്ഞു കിട്ടിയൊരു പേനയിൽ,
ഏപ്രിൽ പൂവുകളുടെ ഇതളുകളിൽ
അവൾ എഴുതിയതത്രയും
വള്ളിക്കുടിലുകളെ തളർത്തിക്കളയുകയും
അവളെ ഭ്രഷ്ടയാക്കുകയും
ചെയ്തു.
                     ***
ഇപ്പോൾ അവൾ
ഏപ്രിൽ പൂവുകൾ കൊണ്ടുള്ള കുടിലിൽ ഉറങ്ങാറില്ല.
വെയിലുകളെ ഭയക്കാറില്ല.
പുസ്തകങ്ങൾ വായിക്കുകയും
യാത്രകളിലായിരിക്കുകയും
പുഞ്ചിരിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു.
                   ***
ദൂരെ ഒരു ഏപ്രിൽ പൂവ്
ചിരിച്ചു കുഴയുന്നു.
വിലക്കപ്പെട്ട 'കനി'
കയ്യെത്തിപ്പറിച്ചവളെ
വിലക്കിയവരാണത്രെ
ഭ്രാന്തന്മാർ.
              ***

Friday, December 23, 2016

എടി കറുത്ത പെണ്ണെ

പെണ്ണേ
എടി കറുത്ത പെണ്ണേ
ഇന്നലെ വെളുത്തൊരുത്തൻ പറഞ്ഞു
അവനൊരു കറുത്ത പെണ്ണിനെ വേണമെന്ന്.
പുകച്ചുരുളുകളെ ഓർമ്മിപ്പിക്കുമാറ്
കറുകറുത്തൊരു മുടിയുള്ളവൾ.
തൊട്ടെടുത്തു കണ്ണെഴുതാൻ
കറുകറുത്തൊരു തൊലിയുള്ളവൾ.
ബീഡിക്കറ പുരളും പോലല്ലാതെ
ചേറു പുരളുംപോലൊരു ചുണ്ടുള്ളവൾ.
ബീഡിക്കറയുണ്ടെലും കുറ്റമില്ലെന്ന്.
കെട്ടുവാനല്ല
കൂടെ പൊറുപ്പിക്കുവുവാനല്ല
ഒന്നിച്ചു പാർക്കാനെന്ന്.
ഒന്നിച്ചു കുതിക്കാനെന്ന്.
പെണ്ണേ
എടി കറുത്ത പെണ്ണേ
വെളുത്തുപോയതിലവന്
കുറ്റബോധമുണ്ടെന്ന്.


# ഏപ്രിൽ പൂവുകൾ പോലും
അസൂയപ്പെട്ടവളേ.
നിനക്കെന്തൊരു
കറുപ്പാണ്.


മിന്നാമിനുങ്ങുകൾ

ഇരുട്ടത്തിറങ്ങി
ഇന്നലെ നീയെന്റെ
ചരിത്ര  പുസ്തകങ്ങൾ മിന്നാമിനുങ്ങുകൾക്കു
തിന്നാൻ കൊടുത്തല്ലേ.
അപ്പോൾ  മുതൽ
നിറം മങ്ങി
കനല് കെട്ട്
അവ കവിതയന്വേഷിച്ചു നടപ്പാണ്.